കൈവെട്ടുകേസ്‌: അധ്യാപകന്റെ വീട്ടിലേക്കുള്ള വഴി വരച്ചുകൊടുത്ത ആള്‍ പിടിയില്‍


മൂവാറ്റുപുഴ: ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രഫ.ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയകേസില്‍ അധ്യാപകന്റെ വീട്ടിലേക്കുള്ള വഴിയും പരിസരവും വരച്ചുനല്‍കിയ ഓട്ടോ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്‌തു. മൂവാറ്റുപുഴ കിഴക്കേക്കര മങ്ങാട്ടുപള്ളിത്താഴം ചാലില്‍ സിക്കന്ദര്‍ അലിഖാനാണ്‌ (28) അറസ്റ്റിലായത്‌. ഇതോടെ കേസില്‍ 12 പേര്‍ പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകനാണ്‌ അറസ്റ്റിലായ അലിഖാന്‍. അധ്യാപകന്റെ വീടും പരിസരവും വീട്ടിലേക്കുള്ള വഴിയുടെയും മാപ്പ്‌ കൈവെട്ടു സംഘത്തിനു വരച്ചു നല്‍കിയത്‌ ഇയാളാണെന്നു പൊലീസ്‌ പറഞ്ഞു. ലത ബസ്‌ സ്റ്റാന്‍ഡിനു സമീപം ഓട്ടോ ഓടിക്കുന്ന അലിഖാന്‌ പ്രദേശത്തെ ഇടവഴികള്‍ ഉള്‍പ്പെടെ പരിചിതമാണ്‌. വിവാദ ചോദ്യക്കടലാസ്‌ കേസില്‍ ജാമ്യം ലഭിച്ച്‌ അധ്യാപകന്‍ പുറത്തുവന്ന ഏപ്രിലില്‍തന്നെ പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വത്തിന്റെ ആവശ്യപ്രകാരം സിക്കന്തര്‍ രൂപരേഖ വരച്ചുനല്‍കിയിരുന്നു. ഇതുപയോഗിച്ച്‌ പ്രതികള്‍ രണ്ടുതവണ അധ്യാപകന്റെ വീട്ടിലെത്തി. ജോസഫിന്റെ കൈവെട്ടിയ ജൂലൈ നാലിനു മുന്‍പുള്ള ഞായറാഴ്‌ച സംഘം സ്ഥലത്ത്‌ എത്തിയിരുന്നെങ്കിലും ആക്രമിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ്‌ തൊട്ടടുത്ത ഞായറാഴ്‌ച കൈവെട്ടുന്നതിനു തിരഞ്ഞെടുത്തത്‌. കഴിഞ്ഞദിവസം അറസ്റ്റിലായ സൂത്രധാരനും മുഖ്യപ്രതിയുമായ യൂനസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ സിക്കന്ദറിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്‌തു. പോപ്പുലര്‍ ഫ്രണ്ട്‌ ജില്ലാ നേതൃത്വം സംഭവം ആസുത്രണം ചെയ്യുകയും സാമ്പത്തികസഹായം ഉള്‍പ്പെടെ നല്‍കുകയും ചെയ്‌തുവെന്ന്‌ യൂനസ്‌ മൊഴിനല്‍കിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച ഓമ്‌നിവാന്‍ വാങ്ങാന്‍ ഒരുലക്ഷം രൂപ നല്‍കിയത്‌ ജില്ലാ നേതൃത്വമാണെന്നും കൈ വെട്ടിയതു പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണെന്നും ക്വട്ടേഷന്‍ സംഘം അല്ലെന്നും മൊഴിയിലുണ്ട്‌. അക്രമികളുടെ വാഹനത്തിന്‌ അകമ്പടി പോയ ബൈക്കിന്റെ ഉടമ കോതമംഗലം സ്വദേശി ഷോബിനുവേണ്ടി അന്വേഷണം നടക്കുന്നുണ്ട്‌. ജോസഫിനെ ആക്രമിച്ച സംഘം ആറുപേരാണെന്നു പൊലീസ്‌ പറഞ്ഞു. അതേസമയം യൂനസിന്റെ മൊഴിയനുസരിച്ച്‌ കേസില്‍ 16 പ്രതികളുണ്ടെന്നാണ്‌ അന്വേഷണസംഘത്തിന്റെ നിഗമനം.