കാര്‍മറിഞ്ഞ്‌ മരിച്ച സഹോദരിമാര്‍ക്ക്‌ യാത്രാമൊഴി


തിരുവല്ല: നീരേറ്റുപുറത്ത്‌ പമ്പയാറ്റിലേക്കു കാര്‍ മറിഞ്ഞ്‌ മരിച്ച സഹോദരിമാരായ ദര്‍ശന (13), ഡോണ (എട്ട്‌) എന്നിവര്‍ക്ക്‌ ജന്മനാട്‌ യാത്രാമൊഴി നല്‍കി. കാറില്‍ അവസാനയാത്രയില്‍ ഒപ്പമുണ്ടായിരുന്ന പിതാവ്‌ പെരിങ്ങര വാണിയിടത്തു പറമ്പില്‍ ഡേവിഡ്‌ വി. തോമസിനു ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ മക്കളുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ ഒരുമണിയോടെ പെരിങ്ങര സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളിയില്‍ ഒരേ കല്ലറയിലാണ്‌ ദര്‍ശനയേയും ഡോണയേയും സംസ്‌കരിച്ചത്‌. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്‌കാര ശുശ്രൂഷയ്‌ക്ക്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ.തോമസ്‌ മാര്‍ കൂറിലോസ്‌ മുഖ്യകാര്‍മികത്വം നല്‍കി. തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ രാവിലെ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ചു. വീല്‍ ചെയറിലെത്തിയാണു ഡേവിഡ്‌ പൊന്നോമനകള്‍ക്ക്‌ അന്ത്യ ചുംബനംനല്‍കിയത്‌. സെന്റ്‌ മേരീസ്‌ കത്തോലിക്കാ പാരിഷ്‌ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹങ്ങളില്‍ ആയിരങ്ങളാണ്‌ അന്ത്യാഞ്‌ജലി അര്‍പ്പിച്ചത്‌. ദര്‍ശന പഠിച്ചിരുന്ന നീരേറ്റുപുറം ടിഎംടിഎച്ച്‌എസിലെയും ഡോണ പഠിച്ചിരുന്ന മുട്ടാര്‍ സെന്റ്‌ ജോര്‍ജ്‌ യുപിഎസിലെയും അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.