കാവ്യ മാധവന്‍ വിവാഹമോചനത്തിനായി കോടതിയില്‍


കൊച്ചി: ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നുവെന്ന്‌ ആരോപിച്ച്‌ സിനിമാതാരം കാവ്യാ മാധവന്‍ വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ഗാര്‍ഹിക പീഡനം തടയല്‍ നിയമപ്രകാരം എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലും വിവാഹമോചനം തേടി കുടുംബകോടതിയിലുമാണ്‌ കാവ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. വിദേശമലയാളിയും കംപ്യൂട്ടര്‍ എന്‍ജിനിയറുമായ നിശാല്‍ ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കാവ്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഭര്‍തൃവീട്ടുകാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ്‌ ആരോപണം. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു വിവാഹം. നിശാല്‍ചന്ദ്ര, ഭര്‍തൃപിതാവ്‌ ചന്ദ്രമോഹന്‍നായര്‍, ഭര്‍തൃമാതാവ്‌ മണിനായര്‍, ഭര്‍തൃസഹോദരന്‍ ഡോ. ദീപക്‌ ചന്ദ്ര എന്നിവരാണ്‌ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍. ഭര്‍ത്താവിന്റെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ്‌ കാവ്യ ഹര്‍ജിയില്‍ പറയുന്നത്‌. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കുവൈത്തില്‍ താമസമാക്കിയ കാവ്യയോടു ഭര്‍തൃവീട്ടുകാര്‍ മോശമായിട്ടാണു പെരുമാറിയിരുന്നതെന്നും ഹര്‍ജിയിലുണ്ട്‌. ടോയിലറ്റ്‌ വൃത്തിയാക്കല്‍ ഉള്‍പ്പെടെ വീട്ടിലെ ജോലികളെല്ലാം എടുപ്പിക്കുമായിരുന്നെന്നും ഭക്ഷണം കഴിക്കാന്‍ പ്രത്യേകം പാത്രം ഭര്‍തൃവീട്ടുകാര്‍ ഏര്‍പ്പെടുത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കുവൈത്തിലെ വീട്ടില്‍ വീട്ടുതടങ്കലിനു സമാനമായ അവസ്ഥയിലായിരുന്നു. വിവാഹസമയം കൈവശമുണ്ടായിരുന്ന 550 പവന്‍ സ്വര്‍ണം ഇപ്പോള്‍ ഭര്‍തൃമാതാവിന്റെ പക്കലാണെന്നും ഇതു കൈമാറ്റം തടയണമെന്നുമാണ്‌ ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങളിലൊന്ന്‌. ജോലി ചെയ്യുന്നതിനു ഭര്‍ത്താവില്‍നിന്നു സംരക്ഷണം ആവശ്യപ്പെട്ട കാവ്യ ജോലിസ്ഥലത്തും വീട്ടിലും പ്രവേശിക്കുന്നതില്‍നിന്നു ഭര്‍ത്താവിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്‌. ബന്ധുവിന്റെ വിവാഹത്തിനു പങ്കെടുക്കാന്‍ നാട്ടിലെത്തിയ കാവ്യ പിന്നീട്‌ കുവൈത്തിലേക്ക്‌ തിരികെ പോയില്ല. വിവാഹമോചനത്തിനു നിയമതടസങ്ങള്‍ ഒഴിവാകാന്‍ മാസങ്ങളോളം കാത്തിരുന്നശേഷമാണ്‌ കാവ്യയും കുടുംബവും കോടതിയെ സമീപിച്ചിരിക്കുന്നത്‌.