വൃദ്ധയെ കിണറ്റിലെറിഞ്ഞുകൊന്ന മോഷ്ടാവിനെ അടിച്ചുകൊന്നു


ചെന്നൈ: തമിഴ്‌നാട്ടിലെ ചേലായൂരിലുള്ള അഹോബില മഠത്തിലെ അന്തേവാസിയായ വൃദ്ധയെ കുത്തിപ്പരുക്കേല്‍പ്പിച്ചു കിണറ്റിലെറിഞ്ഞു കൊന്ന മോഷ്ടാവിനെ പരിസരവാസികള്‍ അടിച്ചുകൊന്നു. അന്തേവാസിയായ കനകവല്ലി (64) യെയാണ്‌ മോഷ്ടാവ്‌ കൊലപ്പെടുത്തിയത്‌. വിവരം അറിഞ്ഞ പരിസരവാസികള്‍ മോഷ്ടാവിനെ പിടികൂടി അടിച്ചുകൊല്ലുകയായിരുന്നു. മധുരാന്തകം നിവാസിയായ സത്യരാജാണ്‌ നാട്ടുകാരുടെ മര്‍ദനത്തില്‍ മരിച്ചതെന്നു പൊലീസ്‌ പറഞ്ഞു. ആശുപത്രിയില്‍വച്ചായിരുന്നു മരണം. മഠത്തിലെ മുറിയില്‍ ഒളിച്ചിരുന്ന സത്യരാജിനെ കണ്ട്‌ കനകവല്ലി ബഹളംകൂട്ടിയിരുന്നു. പിടിയിലാകുമെന്ന്‌ ഭയന്ന മോഷ്ടാവ്‌ കൈയിലുണ്ടായിരുന്ന കത്തികൊണ്ടു കനകവല്ലിയെ കുത്തുകയും അടുത്തുള്ള കിണറ്റിലേക്ക്‌ വലിച്ചെറിയുകയും ചെയ്‌തു. മഠത്തില്‍നിന്നും ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പോലീസ്‌ പറഞ്ഞു.