|
പാഴ്‌സല്‍ ഗോഡൗണ്‍ കത്തിനശിച്ചു:
അഞ്ചു കോടി നഷ്ടം
തൃശൂര്‍: നഗരമധ്യത്തില്‍ പുത്തന്‍പള്ളിക്കു സമീപം കേരള റോഡ്‌വേയ്‌സിന്റെ എക്‌സ്‌പ്രസ് പാഴ്‌സല്‍ സര്‍വീസ് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചുകോടിരൂപയുടെ നഷ്ടം. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നഗരത്തെ ആശങ്കയിലാക്കിയ തീപിടിത്തമുണ്ടായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും അങ്കമാലിയില്‍നിന്നുമെത്തിയ ഫയര്‍ഫോഴ്‌സിന്റെ 14 വാഹനങ്ങള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. തീ അണയ്‌ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ഫയര്‍മാന്‍ പി.വി.സുനിക്കു കൈയിലും മുഖത്തും പൊള്ളലേറ്റു. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട സര്‍ക്യൂട്ടാകാം അപകടകാരണമെന്നു സംശയിക്കുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ ടെക്‌സ്‌റ്റൈല്‍ കടകളില്‍ വിതരണത്തിനെത്തിയ തുണിത്തരങ്ങളാണ് കത്തിനശിച്ചവയില്‍ഏറെയും. കൂടാതെ മരുന്നുകളും കുടകള്‍, പായകള്‍, സിഡി, ഹാര്‍ഡ് വെയര്‍, ഗ്യാസ് ലൈറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയും നശിച്ചു. ഗ്യാസ് ലൈറ്റുകള്‍ പൊട്ടിത്തെറിക്കുന്ന ഒച്ചകേട്ട് ഉണര്‍ന്ന സമീപത്തെ വീട്ടുകാരാണ് അഗ്നിശമന വിഭാഗത്തെ വിളിച്ചുവരുത്തിയത്. പൊലീസും എത്തിയിരുന്നു.
 |