ഹിരോഷിമ ദുരന്തത്തെ അതിജീവിച്ച ജപ്പാന്‍കാരന്‍ പാലായിലെത്തുന്നു


പാലാ: ലോകത്തെ ഞെട്ടിച്ച ഹിരോഷിമ ദുരന്തത്തെ അതിജീവിച്ച ജപ്പാന്‍കാരന്‍ ടെറാമോട്ടോ തകാഷി (76) ഓഗസ്‌റ്റ്‌ 12-ന്‌ പാലായിലെത്തും. പാലാ സെന്റ്‌ വിന്‍സെന്റ്‌്‌ സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സാന്‍വിന്‍ ശാന്തിദൂത്‌ പരിപാടിയില്‍ പങ്കെടുക്കാനാണ്‌ എത്തുന്നത്‌. അദ്ദേഹത്തോടൊപ്പം ഇന്ത്യ-ചായി പീസ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരായ അഞ്ചുപേരും ഉണ്ടാകും. 1945ലെ ഹിരോഷിമ, നാഗസാക്കി ദുരന്തങ്ങളുടെ ഫലങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും തളരാതെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ ജീവിതം കരുപ്പിടിപ്പിച്ച ടെറാമോട്ടോ തകാഷി ലോകമാകെ നടത്തുന്ന സമാധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ പാലായിലും എത്തുന്നത്‌. സമാധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്‌. സെന്റ്‌ വിന്‍സെന്റ്‌ സ്‌കൂളില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന മേളയിലും ലോകസമാധാന റാലിയിലും പങ്കെടുത്ത്‌ 15നു മടങ്ങും.