തോട്ടില്‍വീണു പിഞ്ചുകുഞ്ഞ്‌ മരിച്ചു


കോട്ടയം: വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്നു പിഞ്ചുബാലിക തൊട്ടടുത്തുള്ള പോള നിറഞ്ഞ തോട്ടില്‍വീണു മരിച്ചു. നാട്ടകം കണ്ണാടിക്കടവ്‌ മാലിയച്ചിറ ഷിനുമോന്റെയും രമ്യയുടെയും മകള്‍ ആതിര (അക്കു-ഒന്നര)യാണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ മുന്നുമണിയോടെയാണ്‌ സംഭവം. വീടിനു പുറകില്‍ പാത്രം കഴുകുകയായിരുന്ന രമ്യയോടൊപ്പം പുറത്തുനില്‍ക്കുകയായിരുന്നു ആതിര. കഴുകിയ പാത്രങ്ങളുമായി അടുക്കളയിലേക്ക്‌ പോയ രമ്യ തിരികെ എത്തിയപ്പോള്‍ മകളെ കാണാനില്ലായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ തോട്ടിലെ പോളമാറികിടക്കുന്നത്‌ കണ്ടത്‌. സംശയംതോന്നി അയല്‍ക്കാരിലൊരാള്‍ ഇറങ്ങി തപ്പിയപ്പോഴാണ്‌ മൃതദേഹം കണ്ടെത്തിയത്‌.