|
അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയില്‍ രോഗശാന്തി നേടിയ അയര്‍ലണ്ടുകാരി എല്ലി ഭരണങ്ങാനത്തെത്തുന്നു
ഡബ്‌ളിന്‍: മസ്‌തിഷ്‌കജ്വരം ബാധിച്ച വിദേശബാലികയ്‌ക്ക് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയാല്‍ അത്ഭുതരോഗശാന്തി. രോഗശാന്തി നേടിയ എല്ലി എന്ന അയര്‍ലണ്ടുകാരി പെണ്‍കുട്ടി നന്ദിപറയാന്‍ ഭരണങ്ങാനത്തെത്തുന്നു. പീറ്റര്‍-കരീന ദമ്പതികളുടെ മകളാണ് എല്ലി. രോഗഗശാന്തി ലഭിച്ചതോടെ എല്ലി പേരുമാറി അല്‍ഫോന്‍സ ആയിരുന്നു.
അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ ഒരാഴ്‌ച ഭജനമിരുന്ന് നന്ദി പ്രകടിപ്പിക്കാനാണ് എല്ലി മാതാപിതാക്കളുമൊത്ത് സെപ്‌റ്റംബറില്‍ ഭരണങ്ങാനത്തെത്തുന്നത്. ഇതാദ്യമായാണ് വിദേശത്തുനിന്ന് അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥനാസഹായത്താല്‍ രോഗശാന്തി വെളിപ്പെടുന്നത്.
2009 ജനുവരിയിലാണ് മസ്‌തിഷ്‌കജ്വരം ബാധിച്ച് അബോധാവസ്ഥയില്‍ എല്ലിയെ ഡബ്‌ളിനിലെ താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. കാഴ്‌ചയും കേള്‍വിയും നഷ്ടപ്പെട്ട നിലയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു എല്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
മാതാപിതാക്കള്‍ എല്ലിയെ ക്രംലിന്‍ ഔവര്‍ ലേഡീസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെയും ഡോക്ടര്‍മാര്‍ നിസഹായത പ്രകടിപ്പിച്ചതോടെ ആശുപത്രി ചാപ്പലില്‍ പ്രാര്‍ഥനയ്‌ക്കായി മാതാപിതാക്കള്‍ അഭയം തേടി. ഈ സമയം ചാപ്പലില്‍ പ്രാര്‍ഥനയ്‌ക്ക് എത്തിയ മലയാളി നഴ്‌സ് ആണ് വിശുദ്ധ അല്‍ഫോന്‍സാമ്മയോട് പ്രാര്‍ഥിച്ചാല്‍ സൗഖ്യം ലഭിക്കുമെന്ന് പറഞ്ഞത്.
അല്‍ഫോന്‍സാമ്മയുടെ ചിത്രവും പ്രാര്‍ഥനയും കുട്ടിയുടെ കിടക്കയില്‍ ചേര്‍ത്തുവച്ച് പീറ്ററും കരീനയും മൂത്ത മകള്‍ ലാറയും മധ്യസ്ഥ പ്രാര്‍ഥന ചൊല്ലിക്കൊണ്ടേയിരുന്നു. ആഴ്‌ചകള്‍ക്കുശേഷം എല്ലി അത്ഭുതകരമായി പൂര്‍ണ സൗഖ്യം നേടുകയായിരുന്നു.

 |