അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍


ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദി വര്‍ഷത്തിലെ തിരുനാളിന്റെ മുന്നോടിയായി ഇന്നലെ നടന്ന ജപമാല-മെഴുകുതിരി പ്രദക്ഷിണത്തില്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്ത്‌ അനുഗൃഹം നേടി. ലോകത്തിന്റെ വെളിച്ചമായി മാറാന്‍ സ്വയമെരിഞ്ഞ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിത മാതൃക പിന്തുടരാന്‍ കത്തിച്ചമെഴുകുതിരികളുമായി അണിനിരന്ന ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കിനാണ്‌ ഭരണങ്ങാനം സാക്ഷ്യംവഹിച്ചത്‌. അല്‍ഫോന്‍സാമ്മ ജീവതകാലം ചെലവഴിച്ച ഫ്രാന്‍സിസ്‌കന്‍ ക്ലാരമഠത്തിലേക്കു നടന്ന മെഴുകുതിരി പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ നാടിന്റെ വിവിധഭാഗങ്ങളില്‍നിന്നു വിശ്വാസികള്‍ എത്തി. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അല്‍ഫോന്‍സാമ്മയുടെ മൃതശരീരവുമായി വലിയ പള്ളിയിലേക്കു നടത്തിയ വിലാപയാത്രയെ അനുസ്‌മരിപ്പിച്ചുകൊണ്ട്‌ മഠത്തില്‍നിന്നു കുരിശുംതൊട്ടി വലംവച്ചായിരുന്നു പ്രദക്ഷിണം. തുടര്‍ന്ന്‌ തിരികെ പള്ളിയിലെത്തി സമാപിച്ചു. പ്രധാന തിരുനാള്‍ ദിവസമായ ഇന്നു 12നു വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം നടക്കും. അല്‍ഫോന്‍സാമ്മയുടെ തീര്‍ഥാടനകേന്ദ്രത്തില്‍ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം വലിയപള്ളിയുടെ കല്‍ക്കുരിശ്‌ വലംവച്ച്‌ സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയില്‍ സമാപിക്കും.