ഹോക്കി ഇന്ത്യ തിരഞ്ഞെടുപ്പ്‌ ഹൈക്കോടതി തടഞ്ഞു


മുംബൈ: ഹോക്കി ഇന്ത്യയുടെ തിരഞ്ഞെടുപ്പ്‌ നടത്തുന്നതു മുംബൈ ഹൈക്കോടതി മൂന്നാഴ്‌ചത്തേക്കു തടഞ്ഞു. മുംബൈ ഹോക്കി അസോസിയേഷന്‍ നല്‍കിയ പരാതി പരിഗണിച്ചാണു ഇന്നലെ നടക്കാനിരുന്ന തിരഞ്ഞെടുപ്പ്‌ തടഞ്ഞത്‌. തിരഞ്ഞെടുപ്പു നടന്നില്ലെങ്കില്‍ ഇന്ത്യയ്‌ക്കു രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. നാലാം തവണയാണ്‌ തിരഞ്ഞെടുപ്പ്‌ തടസപ്പെടുന്നത്‌. ഹൈക്കോടതിയുടെ ഉത്തരവ്‌ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു മുംബൈ ഹോക്കി അസോസിയേഷന്‍ തിരഞ്ഞെടുപ്പ്‌ തടയാന്‍ കോടതിയെ സമീപിച്ചത്‌. മുംബൈ ഹോക്കി അസോസിയേഷനെ ആറാഴ്‌ചയ്‌ക്കുള്ളില്‍ അംഗീകരിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ്‌ ഹോക്കി ഇന്ത്യ ഇതുവരെ നടപ്പാക്കിയിരുന്നില്ല. മുംബൈ ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി ഹോക്കി ഇന്ത്യ അധികൃതര്‍ അറിയിച്ചു.