ഒമ്പതാംക്ലാസുകാരന്‍ സഹപാഠിയെ വെടിവച്ചു


ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സ്‌കൂളില്‍ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥി സഹപാഠിക്കുനേരെ നിറയൊഴിച്ചു. സംഭവത്തെ തുടര്‍ന്ന്‌ നിറയൊഴിച്ച വിദ്യാര്‍ഥിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സാകേതിലെ വീര്‍ചന്ദ്ര ഗര്‍വാല്‍ പബ്‌ളിക്‌ സ്‌കൂളില്‍ ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ്‌ സംഭവം. എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി ഗൗരവ്‌ യാദവിനെയാണ്‌ ഒമ്പതാംക്ലാസുകാരന്‍ വെടിവച്ചത്‌. തോളിനാണ്‌ വെടിയേറ്റത്‌. നിസാര പരുക്കായതിനാല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കു ശേഷം വിട്ടയച്ചു. സ്‌കള്‍ മൈതാനത്തു ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്ന ഗൗരവിനും സംഘത്തിനും നേരെ ഒമ്പതാംക്ലാസുകാരന്‍ കല്ലെറിഞ്ഞതാണ്‌ സംഘര്‍ഷത്തിനു തുടക്കം. ഇതേ തുടര്‍ന്ന്‌ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ കയ്യാങ്കളിനടന്നു. ഇതിനിടെ ഒമ്പതാംക്ലാസുകാരന്‍ ബാഗിനുള്ളില്‍ കരുതിയിരുന്ന തോക്കെടുത്തു വെടിവയ്‌ക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷിയായ വിദ്യാര്‍ഥികള്‍ പൊലീസിനു മൊഴിനല്‍കി.