|
കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്കു സ്റ്റേ
കൊച്ചി: ലോക്‌സഭയിലേക്കു കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള വിധി ഹൈക്കോടതി ഉപാധികളോടെ സ്‌റ്റേ ചെയ്‌തു. തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഉത്തരവിനെതിരെ കൊടിക്കുന്നില്‍ സുരേഷിനു സുപ്രീം കോടതിയെ സമീപിക്കാന്‍ അവസംനല്‍കികൊണ്ട്, വിധി നടപ്പാക്കുന്നതു മൂന്നാഴ്‌ചത്തേക്കാണ് ജസ്റ്റീസ് എം.ശശിധരന്‍ നമ്പ്യാര്‍ സ്റ്റേ ചെയ്‌തത്. സ്റ്റേഉത്തരവ് തിരഞ്ഞെടുപ്പു കമ്മീഷനും ലോക്‌സഭാ സ്‌പീക്കര്‍ക്കും അയച്ചിട്ടുണ്ട്.
ലോക്‌സഭാ നടപടികളില്‍ പങ്കെടുക്കാമെങ്കിലും വോട്ടവകാശം വിനിയോഗിക്കരുതെന്നും പാര്‍ലമെന്ററി സമിതി യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും പാടില്ല.
പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അയോഗ്യനാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ലോക്‌സഭാംഗമെന്ന നിലയില്‍ തുടരാന്‍ കൊടിക്കുന്നിലന് അവകാശമില്ലെന്നും കോടതിവിധി സ്‌റ്റേ ചെയ്യരുതെന്നും തിരഞ്ഞെടുപ്പ് കേസിലെ പരാതിക്കാരായ ആര്‍.എസ്.അനിലും മറ്റും വാദിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള 30 ദിവസത്തെ സമയം തീരുന്നതിനുമുമ്പ് സ്റ്റേ ആവശ്യം പരിഗണിക്കാന്‍ ഹൈക്കോടതിക്കു സാധ്യമാണെന്ന വാദം പരിഗണിച്ചാണു ഇടക്കാല സ്റ്റേ അനുവദിച്ചത്.

 |