പാക്‌ വിമാനദുരന്തം: 155 മരണം


ഇസ്ലാമാബാദ്‌: തുര്‍ക്കിയില്‍നിന്നു കറാച്ചിവഴി ഇസ്ലാമാബാദിലേക്കു വരികയായിരുന്ന പാക്‌ യാത്രാവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 155 പേര്‍ മരിച്ചു. കുട്ടികളടക്കം 147 യാത്രക്കാരും എട്ടു ജീവനക്കാരുമാണ്‌ എ-321 എയര്‍ബസിലുണ്ടായിരുന്നത്‌. ഇന്നലെ രാവിലെ 9.45ന്‌ മാര്‍ഗല മലനിരകളില്‍തട്ടിയാണ്‌ അപകടം. കനത്ത മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. കറാച്ചിയില്‍നിന്നും 7.50നു പറന്നുയര്‍ന്ന വിമാനം ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യാനിരിക്കെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായി. തുടര്‍ന്നാണ്‌ വിമാനം തകര്‍ന്നുവീണത്‌. കാലാവസ്ഥമോശമായതാണ്‌ അപകടകാരണമെന്നു കരുതുന്നു. രണ്ടുമലകള്‍ക്കിടയിലുള്ള അഗാധമായ കൊക്കയിലേക്കാണ്‌ വിമാനം പതിച്ചത്‌. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെടുത്തെന്ന്‌ ഇസ്ലാമബാദ്‌ പോലീസ്‌ മേധാവി ബാനി അമീന്‍ പറഞ്ഞു. മലഞ്ചെരിവിലൂടെ ഒരു മണിക്കൂറോളം നടന്നാല്‍ മാത്രമേ അപകടസ്ഥലത്ത്‌ എത്താനാവൂ. തെരച്ചിലിനും മൃതദേഹങ്ങള്‍ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച്‌ നഗരത്തിലേക്ക്‌ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും കനത്ത മഴ തടസമുണ്ടാക്കി. വിമാനം സാധാരണയിലും താഴ്‌ന്നാണു പറന്നതെന്നു പരിസരവാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്‌. എയര്‍ ബ്ലൂ എന്ന സ്വകാര്യ പാക്‌ വിമാനക്കമ്പനിയുടെ ജെറ്റുവിമാനമാണിത്‌.