നിയന്ത്രണമില്ലാത്ത മൂത്രംപോക്ക്‌ ഒഴിവാക്കാം


മൂത്രസഞ്ചിയുടെ നിയന്ത്രണശേഷിക്കുറവു മൂലമാണ്‌ സ്വയമറിയാതെ മൂത്രം പോകുന്നത്‌. ഈ രോഗാവസ്ഥ പല തരമുണ്ട്‌. ഇടയ്‌ക്കിടെ അല്‌പാല്‍പ്പമായി മൂത്രം പോകുന്നതു തുടങ്ങി മൂത്രം പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത അവസ്ഥവരെ എത്താം. മൂത്രമൊഴിക്കണമെന്നു തോന്നിക്കഴിഞ്ഞാല്‍ ടോയിലറ്റിലെത്തുന്ന സമയം വരെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഏറ്റവും സാധാരണയായി കണ്ടുവരുന്നത്‌. വ്യായാമം ചെയ്യുമ്പോഴോ, തുമ്മുമ്പോഴോ, ചിരിക്കുമ്പോഴോ, ഭാരമുള്ള വസ്‌തുക്കള്‍ ഉയര്‍ത്തുമ്പോഴോ മൂത്രസഞ്ചിയിലെ സമ്മര്‍ദ്ദമേറുന്നതുമൂലം മൂത്രം പോകുന്നതാണ്‌ മറ്റൊരു അവസ്ഥ. മൂത്രസഞ്ചി എപ്പോഴും നിറഞ്ഞിരിക്കുന്നതുമൂലം അല്‌പാല്‍പമായി മൂത്രം പോകുന്ന സ്ഥിതിയുണ്ട്‌. പ്രായമായവരില്‍ സന്ധിവാതം, മറ്റു രോഗങ്ങള്‍ എന്നിവ മൂലം നീക്കങ്ങളും മറ്റും ബുദ്ധിമുട്ടുണ്ടാകുന്നതു മൂലവും സ്വയമറിയാതെ മൂത്രം പോകാം. ആര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടാകാമെങ്കിലും സ്‌ത്രീകളിലാണ്‌ കൂടുതലായി കാണുന്നത്‌. മധ്യവയസ്‌കരായ സ്‌ത്രീകളില്‍ 55 ശതമാനം പേര്‍ക്കും നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥ കണ്ടുവരുന്നു. ഈയിടെ സമാപിച്ച ഇന്റര്‍നാഷണല്‍ കണ്ടിനന്‍സ്‌ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച പഠനമനുസരിച്ച്‌ 50 വയസുവരെയുള്ള സ്‌ത്രീകളില്‍ നിയന്ത്രണമില്ലാത്ത മൂത്രംപോക്ക്‌ വര്‍ദ്ധിച്ചുവരുന്നുവെന്നും പിന്നീട്‌ പ്രായം കൂടുന്നതിന്‌ അനുസരിച്ച്‌ രോഗാവസ്ഥയില്‍ കുറവുണ്ടാകുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ജീവിതത്തിന്റെ ഗുണമേന്മയില്‍ കാര്യമായ കുറവുവരുന്നുവെന്നതാണ്‌ ഈ രോഗാവസ്ഥയുടെ ഏറ്റവും വലിയ ന്യൂനത. സ്‌ത്രീകളില്‍ ആത്മവിശ്വാസം കുറയുന്നതിന്‌ ഇതു കാരണമാകുന്നു. സമൂഹത്തില്‍ ഇടപഴകുന്നതിന്‌ ഇത്‌ തടസമാകുന്നു. എങ്കില്‍പോലും വളരെ കുറച്ചു സ്‌ത്രീകള്‍ മാത്രമേ വൈദ്യസഹായം തേടുന്നുള്ളൂ. പല സ്‌ത്രീകളും നാണക്കേട്‌ ഓര്‍ത്ത്‌ പറയാതിരിക്കുന്ന അവസ്ഥയുണ്ടെന്ന്‌ പിവിഎസ്‌ മെമ്മോറിയല്‍ ആശുപത്രിയിലെ യൂറോളജി വിഭാഗം തലവന്‍ ഡോ. ജോര്‍ജ്‌ പി. ഏബ്രഹാം ചൂണ്ടിക്കാട്ടി. പ്രായമാകുന്നതിന്റെ ഭാഗമാണിതെന്ന ധാരണയിലാണ്‌ പലരും. ഇക്കാര്യം പുറത്തു പറയാന്‍ സ്‌ത്രീകള്‍ തയാറാകുന്നില്ലെന്നതാണ്‌ കാര്യമെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ രോഗാവസ്ഥ വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും ചികിത്സ തേടാന്‍ തയാറാകുന്നവരുടെ എണ്ണം കുറവാണെന്ന്‌ ഐസിഎസ്‌ വാര്‍ഷിക പൊതുയോഗവും വിലയിരുത്തി. സ്വീഡന്‍, ഹോംങ്കോംഗ്‌, നെതര്‍ലാന്‍ഡ്‌സ്‌ എന്നിവിടങ്ങളില്‍ 11 ശതമാനം പേര്‍ മാത്രമേ ഈ രോഗാവസ്ഥയില്‍ സഹായം തേടുന്നുള്ളൂ. എന്നാല്‍ നൊര്‍വെ, യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ എന്നിവിടങ്ങില്‍ 50 ശതമാനംവരെ ആളുകള്‍ ചികിത്സയ്‌ക്കെത്തുന്നു. ഇന്ത്യയില്‍ നിയന്ത്രണമില്ലാതെ മൂത്രംപോകുന്ന രോഗാവസ്ഥയുള്ള സ്‌ത്രീകളില്‍ അഞ്ചിലൊന്നു പേര്‍ (20 ശതമാനം) മാത്രമേ ഡോക്‌ടറെ കാണുന്നൂള്ളൂ. അതേസമയം പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്കും ഷോപ്പിംഗ്‌, സൗഹൃദസന്ദര്‍ശനം തുടങ്ങിയവയ്‌ക്കും ഈ രോഗാസ്ഥ തടസമാകുന്നുണ്ടെന്ന്‌ 70 ശതമാനം സ്‌ത്രീകളും പറയുന്നു. സ്‌ത്രീകളുടെ ജീവിതത്തിലെ സാധാരണ കാര്യമായി കരുതുന്നതുകൊണ്ടാണ്‌ ചികിത്സ തേടാത്തതിനു കാരണമെന്നാണ്‌ പകുതി സ്‌ത്രീകളുടെയും പ്രതികരണം. മറ്റുള്ളവര്‍ ഇക്കാര്യം ഗൗരവമായെടുക്കുന്നില്ല, അല്ലെങ്കില്‍ നാണം മൂലം ഇക്കാര്യം പുറത്തുപറയാന്‍ ഇഷ്‌ടപ്പെടുന്നില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ നിയന്ത്രണമില്ലാത്ത മൂത്രംപോക്ക്‌ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുമെന്ന്‌ ഡോ. ജോര്‍ജ്‌ പറഞ്ഞു. രോഗാവസ്ഥ മാറ്റിയെടുക്കുമെന്നതിനു പുറമെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനു ഇതുവഴി കഴിയും. മൂത്രസഞ്ചിയുടെ നിയന്ത്രണത്തിന്റെ അവസ്ഥ, രോഗത്തിന്റെ ഗൗരവം, രോഗിയുടെ ജീവിതശൈലി എന്നിവ കണക്കിലെടുത്താണ്‌ ചികിത്സ നിര്‍ദ്ദേശിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ബ്ലാഡര്‍ ട്രെയിനിംഗ്‌ എന്ന പേരില്‍ വളരെ ലളിതവും ഫലപ്രദവുമായ വ്യായാമം ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. ഇതുവഴി മൂത്രം പിടിച്ചു നിര്‍ത്താന്‍ കഴിയും. മരുന്നുകളും കുത്തിവയ്‌പും പ്രത്യേക ഉപകരണങ്ങളും ശസ്‌ത്രക്രിയയും അനിയന്ത്രിതമായ മൂത്രംപോക്ക്‌ തടയാന്‍ ഉപയോഗിക്കാറുണ്ട്‌. വര്‍ഷങ്ങള്‍ കഴിയുന്നതിന്‌ അനുസരിച്ച്‌ മൂത്രസഞ്ചിയുടെ നിയന്ത്രണത്തില്‍ കുറവുവരുമെങ്കിലും ഈ അവസ്ഥ ഒഴിവാക്കാനും ജീവതമേന്മ വര്‍ദ്ധിപ്പിക്കാനും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഈ പ്രശ്‌നം നിങ്ങള്‍ക്കുണ്ടാകുന്നുണ്ടെങ്കില്‍ സഹായം ലഭ്യമാക്കാന്‍ മാര്‍ഗമുണ്ട്‌. ഈ രോഗാവസ്ഥ നിയന്ത്രിക്കുകയും ഭേദമാക്കുകയും ചെയ്യാനാവും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ എത്രയും വേഗം ഡോക്‌ടറെ കാണുക.