ഗള്‍ഫ്‌ വിമാനക്കൂലി കൂട്ടി


കരിപ്പൂര്‍: യാത്രക്കാരുടെ തിരക്ക്‌ മുതലെടുത്ത്‌ വിമാനക്കമ്പനികള്‍ ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ കൂട്ടി. ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ അടച്ചതോടെ അവധി ചെലവഴിക്കാന്‍ കുടുംബങ്ങള്‍ നാട്ടിലേക്കു മടങ്ങുന്നത്‌ മുതലെടുത്താണ്‌ വര്‍ധന. ചെലവ്‌ കുറഞ്ഞ വിമാന സര്‍വീസെന്ന പേരില്‍ ആരംഭിച്ച എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ നിരക്ക്‌ 5000 രൂപയോളം വര്‍ധിപ്പിച്ചു. കോഴിക്കോട്ടുനിന്നുള്ള യാത്രക്കാരെയാണ്‌ ഇതു കൂടുതല്‍ ബാധിക്കുക. ഒമ്പതിനായിരം രൂപയ്‌ക്ക്‌ ലഭിച്ചിരുന്ന ജിദ്ദ-കോഴിക്കോട്‌ എയര്‍ ഇന്ത്യ ടിക്കറ്റിന്‌ ഇപ്പോള്‍ 14,000 മുതല്‍ 16,000 രൂപവരെ നല്‍കണം. 9200 രൂപയായിരുന്നു സൗദി എയര്‍ലൈന്‍സിന്റെ ടിക്കറ്റ്‌ നിരക്ക്‌. ഇതിപ്പോള്‍ 13000 മുതല്‍ 14000 വരെയായി. യുഎഇയിലെ അബുദാബി, ഷാര്‍ജ, ദുബായ്‌ എന്നിവിടങ്ങളിലേക്ക്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസാണ്‌ കരിപ്പൂരില്‍നിന്ന്‌ സര്‍വീസ്‌ നടത്തുന്നത്‌. 6000 മുതല്‍ 8000 രൂപയ്‌ക്കുവരെ ലഭിച്ചിരുന്ന ദുബായ്‌-കോഴിക്കോട്‌ ടിക്കറ്റിന്‌ 11,000 മുതല്‍ 13,000 രൂപവരെയാണ്‌ ഈടാക്കുന്നത്‌.