|
വനിതാ ഹോക്കിതാരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന്:
ടീം കോച്ച് രാജിവച്ചു
ന്യൂഡല്‍ഹി: വനിതാ ഹോക്കിതാരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം കോച്ച് എം.കെ. കൗശിക് രാജിവച്ചു. ലൈംഗിക ആരോപണത്തില്‍പ്പെട്ട ടീം വീഡിയോ ഗ്രാഫര്‍ ബസവ് രാജിനെ പുറത്താക്കുകയും ചെയ്‌തു. മുഖ്യ പരിശീലകനായ കൗശിക് ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചുവെന്നും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടതായും കാണിച്ചാണ് വനിതാതാരം അധികൃതര്‍ക്ക് രേഖാമൂലം തയാറാക്കിയ പരാതി നല്‍കിയത്. പരാതി നല്‍കിയ താരത്തെ കൂടാതെ 31 കളിക്കാരും പരാതിയില്‍ ഒപ്പിട്ടിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ രാജീവ് മേത്തയുടെ അധ്യക്ഷതയില്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വീഡിയോ ഗ്രാഫര്‍ ബസവരാജയ്‌ക്കെതിരെ ലൈംഗിക ആരോപണം സംബന്ധിച്ച് ഇ-മെയില്‍ ലഭിച്ചിരുന്നു.
കൊറിയയില്‍ 27 മുതല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുവേണ്ടി ടീമിനെ പരിശീലിപ്പിച്ചുകൊണ്ടിരിക്കെയാണ് കൗശിക് രാജിവയ്‌ക്കുന്നത്. ഹോക്കി ഇന്ത്യ താല്‍കാലിക പ്രസിഡന്റ് വിദ്യ സ്റ്റോക്‌സിന് കൗശിക് രാജി സമര്‍പ്പിച്ചതായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ നരീന്ദര്‍ ബാത്ര പറഞ്ഞു.
 |