|
കൈവെട്ടുകേസ്: നാലുപേര്‍കൂടി
പിടിയില്‍
മൂവാറ്റുപുഴ: ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടി നീക്കിയ സംഭവത്തില്‍ നാലു പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൂടി പിടിയിലായി. ആലുവ കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ അബ്ദുള്‍ ലത്തീഫ് (45), മലപ്പുറം വളാഞ്ചേരി പൂച്ചാനിക്കാട്ടില്‍ മൊയ്‌തീന്‍കുട്ടി (36), മൂവാറ്റുപുഴ മുളവൂര്‍ കളരിക്കല്‍പുത്തന്‍പുര ഷിയാസ് (26), മൂവാറ്റുപുഴ ആസാദ് റോഡ് മുള്ളരിങ്ങാട്ട് മുഹമ്മദലി (33) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റു ചെയ്‌തത്.
കഴിഞ്ഞദിവസം അറസ്റ്റിലായ കേസിലെ സൂത്രധാരന്‍ യൂനസുമായി മൊയ്‌തീന്‍കുട്ടി ഒഴികെയുള്ളവര്‍ക്ക് ബന്ധമുണ്ട്. സംഭവത്തിനു മുന്‍പും ശേഷവും പ്രതികള്‍ക്കു സഹായം നല്‍കിയവരാണിവര്‍. കൈവെട്ടുന്നതിനുള്ള ആളുകളെ കണ്ടെത്തിയതും ഈ നാല്‍വര്‍ സംഘമാണ്. കൈവെട്ടിയതിനുശേഷം പ്രതികള്‍ക്കു സാമ്പത്തിക സഹായം ഉള്‍പ്പെടെ ഇവര്‍ ചെയ്‌തുകൊടുത്തിരുന്നു. ആലുവ മാര്‍ക്കറ്റിലുള്ള മൊത്ത പലചരക്കുകടയുടെ ഉടമയാണ് പിടിയിലായ ലത്തീഫ്. ഇയാളുടെ പാസ്‌പോര്‍ട്ട്, ബാങ്ക് പാസ്‌ബുക്ക് എന്നിവ റെയ്‌ഡില്‍ പൊലീസ് പിടിച്ചെടുത്തു.
കുട്ടമ്പുഴയിലുള്ള പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനും ഒളിവില്‍ കഴിയുന്ന ആളുമായ ഷാജിയുടെ വീട്ടിലെത്തിയപ്പോഴാണ് ഷിയാസിനെയും മുഹമ്മദലിയെയും പോലീസ് പിടികൂടിയത്. പോപ്പുലര്‍ഫ്രണ്ട് മൂവാറ്റുപുഴ, കോതമംഗലം, പുല്ലാരിമംഗലം ഏരിയാ ഭാരവാഹികളാണിവര്‍. കൈവെട്ടുകേസിലെ പ്രതികളുടെ വീട്ടിലെത്തി നേരിട്ടു പണം നല്‍കുകയായിരുന്നു ഇവരെന്നു പൊലീസ് അറിയിച്ചു. പ്രതികളെ മൂവാറ്റുപുഴ ഫസ്‌്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്‌തു. നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്ന അബ്ദുല്‍ സലാം, ഡോ.റെനീഫ് എന്നിവരെ ഇന്നലെ തിരികെ സബ്‌ജയിലിലേക്ക് മാറ്റി.
കേസിലെ മുഖ്യപ്രതി ആലുവസ്വദേശി സ്വദേസി നാസര്‍, ആലുവയിലെ ജ്വലറി ഉടമ അയൂബ്, പ്രതികളെത്തിയ ഓമ്‌നി വാന്‍ വാങ്ങിയ കോതമംഗലം സ്വദേശി കെ.കെ.അലി എന്നിവര്‍ പിടിയിലായതായാണ് സൂചന. ഇവര്‍ക്കെതിരെ നേരത്തെ ലുക്ക്‌് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. നാനറിനെ പിടികൂടുന്നതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ രീതികളും സാമ്പത്തിക സ്രോതസും മനസിലാക്കാന്‍ പോലീസിനു കഴിയും. പോഞ്ഞാശേരി വെസ്‌റ്റ് വെങ്ങോലതൃക്ക അമ്പലം റോഡ് വാരായത്തുമുറി ഷംസുദ്ദീന്‍ എന്ന ഷംസു (33)വിനെ കേസില്‍ ഉള്‍പ്പെടുത്തി ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പോലീസ് പ്രസിദ്ധപ്പെടുത്തി.
അതേസമയം ആലുവ റൂറല്‍ എസ്‌പി ജെ.ജയനാഥ്, ആഭ്യന്തര സുരക്ഷാ സേനയിലെ ഡിവൈഎസ്‌പി ആര്‍.കെ.കൃഷ്‌ണകുമാര്‍ എന്നിവരെ ഡിജിപി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തില്‍നിന്ന് ഒഴിവാക്കി. സംഘത്തില്‍നിന്നു മാറ്റി. അന്വേഷണരഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തികൊടുക്കുന്നുവെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം.

 |