|
പൊലീസ് സ്റ്റേഷനില്‍നിന്നും തീവ്രവാദക്കേസ് ഫയല്‍ കാണാതായി
കൊച്ചി:തീവ്രവാദവിരുദ്ധനിയമം ചുമത്തി പോലീസ് തിരയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് കുഞ്ഞുമോനും രാജ്യദ്രോഹകേസില്‍ പിടിയിലായ അയൂബും പ്രതികളായ കലാധരന്‍ വധക്കേസിന്റെ ഫയല്‍ ബിനാനിപുരം പോലീസ് സ്‌റ്റേഷനില്‍നിന്നു കാണാതായി. ഇതുസംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
അധ്യാപകന്റെ കൈവെട്ടിയ കേസുമായി ഇവര്‍ക്കു പങ്കുണ്ടെന്നു വ്യക്തമായ സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ഫയല്‍ അപ്രത്യക്ഷമായ വിവരം കണ്ടെത്തിയത്. പോലീസില്‍തന്നെയുള്ള ആരുടെയോ സഹായത്തോടെ കേസ് ഫയല്‍ സ്റ്റേഷനില്‍നിന്നും മുക്കിയതാവാമെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഈ വഴിക്കും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കുഞ്ഞുമോനും അയൂബുമുള്‍പ്പെടെ പതിനൊന്നുപേര്‍ പ്രതികളായ കലാധരന്‍ വധക്കേസിലെ ഫയല്‍ സെഷന്‍സ് കോടതിയില്‍നിന്നു പോലീസ് മടക്കിവാങ്ങി ബിനാനിപുരം സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ കലാധരനെ മരത്തില്‍ കെട്ടി കൈകാലുകള്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികളെ പറവൂര്‍ കോടതി വെറുതെ വിട്ടിരുന്നു.
 |