അഭയ കേസ്‌: രാസ പരിശോധനയില്‍ കൃത്രിമമെന്ന്‌


തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട്‌ രാസപരിശോധനാ ഫലത്തില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയെന്ന്‌ ഹൈദരാബാദ്‌ ഫോറന്‍സിക്‌ ലാബ്‌ ഡയറക്ടര്‍ സൂര്യപ്രകാശ്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ മൊഴി നല്‍കി. അഭയയുടെ ആന്തരിക അവയവ പരിശോധന നടത്തി വര്‍ക്ക്‌ബുക്കില്‍ എട്ടോളം സ്ഥലത്ത്‌ തിരുത്തലുകള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നാണ്‌ മൊഴി. പരിശോധനാ റിപ്പോര്‍ട്ട്‌ തിരുത്തിയെന്ന കേസില്‍ പ്രോസിക്യൂഷന്‍ തെളിവെടുപ്പു പൂര്‍ത്തിയായി. അന്തിമ വാദം സെപ്‌റ്റംബര്‍ രണ്ടിനു നടക്കും. തിരുവനന്തപുരം ഫോറന്‍സിക്‌ പരിശോധനശാലയിലെ ചിത്ര, ഗീത എന്നിവരെ പ്രതികളാക്കി ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ്‌ ഇന്നലെ തെളിവെടുപ്പ്‌ നടന്നത്‌.