ദര്‍ശനയ്‌ക്കും ഡോണയ്‌ക്കും യാത്രാമൊഴി


എടത്വാ: പുതിയതായി വാങ്ങിയ കാര്‍ മറിഞ്ഞു മുങ്ങിമരിച്ച സഹോദരിമാര്‍ ദര്‍ശന (13), ഡോണ (എട്ട്‌) എന്നിവരുടെ സംസ്‌കാരം ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നിന്‌ പെരിങ്ങര സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളിയില്‍ നടക്കും. തിരുവല്ല ആര്‍ച്ച്‌ ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌ മുഖ്യ കാര്‍മികത്വം വഹിക്കും. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. നീരേറ്റുപുറത്ത്‌ വാടകവീട്ടില്‍നിന്നും പിതാവ്‌ ഡേവിഡ്‌ വി.തോമസ്‌ കാര്‍ പുറത്തേക്കെടുത്തപ്പോഴാണ്‌ കാര്‍ നദിയില്‍ മറിഞ്ഞത്‌. രക്ഷപെട്ട ഡേവിഡ്‌ മക്കള്‍ അപകടത്തില്‍പെട്ടതിന്റെ മാനസിക വിഭ്രാന്തിയില്‍ വഷം കഴിച്ചതിനെ തുടര്‍ന്ന്‌ തിരുവല്ല പുഷ്‌പഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്‌. പുതിയതായി വാങ്ങിയ മാരുതി ഓള്‍ട്ടോ കാര്‍ വെഞ്ചരിക്കുന്നതിനായി വീട്ടില്‍നിന്ന്‌ പുറത്തിറക്കുമ്പോള്‍ നിയന്ത്രണം വിട്ട്‌ പമ്പയാറ്റില്‍ മുങ്ങിയായിരുന്നു അപകടം. ദുരന്തമുണ്ടായ വീട്ടില്‍നിന്ന്‌ രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ആരെയും പിടികൂടാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല. വിരലടയാള വിദഗ്‌ധര്‍ തെളിവെടുപ്പു നടത്തിയിരുന്നു. ബന്ധുക്കളുടെയും അയല്‍വാസികളില്‍ ചിലരുടെയും വിരലടയാളം പോലീസ്‌ ശേഖരിക്കുകയും ചെയ്‌തു. മാന്നാര്‍, എടത്വാ സിഐമാുടെ നേതൃത്വത്തില്‍ ഇന്നലെ 30 പേരെ ചോദ്യം ചെയ്‌തു.