മൗസ്‌വഴി പകര്‍ച്ചരോഗം


പൊതു കംപ്യൂട്ടറുകളുടെ സ്ഥിരോപയോഗത്തിലൂടെ ഛര്‍ദ്യതിസാരം പിടിപെടാമെന്നു ഗവേഷകര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തി. വാഷിംഗ്‌ ടണിലെ ഒരു സ്‌കൂളില്‍ രോഗം പടര്‍ന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ ഗവേഷകര്‍ ഇത്‌ കണ്ടെത്തിയത്‌. ക്‌ളാസ്‌ മുറികള്‍, ഓഫീസുകള്‍, ഇന്റര്‍നെറ്റ്‌ കഫേകള്‍ എന്നിവിടങ്ങളിലെ പൊതു കംപ്യൂട്ടറുകളിലെ കീ ബോര്‍ഡും മൗസും ആണ്‌ ഛര്‍ദ്യാതിസാരത്തിനു കാരണമാക്കുന്ന നോറോ വൈറസുകളെ പടര്‍ത്തുന്നത്‌. രോഗം പിടിപെട്ട കുട്ടികള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ വൈറസ്‌ അതിലേക്കു പടരുന്നു. പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഈ വൈറസുകള്‍ അതിവേഗത്തിലാണ്‌ പടരുന്നത്‌‌. ഈ പകര്‍ച്ചവ്യാധി ഒഴിവാക്കാന്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചതിനുശേഷം കൈകള്‍ കഴുകാനും കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ വൃത്തിയാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. സ്വിന്‍ബേണ്‍ സര്‍വകലാശാല നത്തിയ പഠനങ്ങളിലും പൊതുവായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ അപകടകാരികളായ അണുക്കളുടെ കൂടാരങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്‌.