ഭൂഗര്‍ഭ ടണലില്‍ അകപ്പെട്ട യുവാവ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു


നെടുങ്കണ്ടം: ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം കുത്തിയൊഴുകുന്ന മൂന്നുകിലോമീറ്റര്‍ ദൂരമുള്ള ഭൂഗര്‍ഭ ടണലില്‍ അകപ്പെട്ട യുവാവ്‌ വെള്ളത്തിനൊപ്പം തുഴഞ്ഞ്‌ സാഹസികമായി രക്ഷപ്പെട്ടു. ഇടുക്കി ജലാശയത്തിലേക്ക്‌ വെള്ളമെത്തിക്കുന്ന ഡൈവേര്‍ഷന്‍ ഡാമുകളെ ബന്ധിപ്പിക്കുന്ന തുരങ്കത്തിലാണ്‌ കെഎസ്‌ഇബിയിലെ കരാര്‍ തൊഴിലാളി നെടുങ്കണ്ടം കല്ലാര്‍ മറ്റത്തില്‍ ബെന്നി (38) വീണത്‌. മരണത്തെ മുഖാമുഖം കണ്ട്‌ ഒരുമണിക്കൂറിനുശേഷം ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയെങ്കിലും ഭീതിയുടെ നെഞ്ചിടിപ്പില്‍നിന്നും ബെന്നി മുക്തനായിട്ടില്ല. വെള്ളിയാഴ്‌ച രാവിലെ പത്തിനായിരുന്നു സംഭവം. മരണക്കയത്തില്‍നിന്നും ജീവിതത്തിലേക്ക്‌ നീന്തിക്കയറുന്നതിനിടെ പാറയിടുക്കുകളില്‍ തട്ടി ശരീരത്തിന്റെ പലയിടങ്ങളില്‍ സാരമായി പരുക്കേറ്റു. കല്ലാര്‍ മിനി ഡാമില്‍നിന്നും ഇരട്ടയാര്‍ ഡാമിലേക്ക്‌ വെള്ളം കൊണ്ടുപോകുന്ന ടണലിലേക്കാണ്‌ ബെന്നി വഴുതിവീണത്‌. ടണല്‍ മുഖത്ത്‌ അടിഞ്ഞുകൂടിയ ചപ്പുചവറുകള്‍ സുഹൃത്ത്‌ ദിലീപിനോടൊപ്പം നിന്ന്‌ നീക്കുകയായിരുന്നു. അരയില്‍ ബന്ധിച്ചശേഷം ഡാമിന്റെ സൈഡില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടിയതിനെ തുടര്‍ന്ന്‌ ബെന്നി വെള്ളത്തിലേക്കു വീണു. അപകടം മണത്തറിഞ്ഞ സുഹൃത്ത്‌ വടം എറിഞ്ഞുകൊടുത്തു രക്ഷപ്പെടുത്താനുള്ള ശ്രമവും പാഴായി. അഞ്ചുമീറ്റര്‍ വ്യാസമുള്ള ടണലിനുള്ളിലേക്ക്‌ ഗ്രില്ലിനിടയിലൂടെ അകപ്പെട്ട ബെന്നി രക്ഷപ്പെടാമെന്ന പ്രതീക്ഷയില്‍ വെള്ളത്തിനൊപ്പം നീന്തിയും ഒഴുകിയും നീങ്ങി ഒരുമണിക്കൂറിനുശേഷം മന്നാക്കുടിയിലെ ടണല്‍ മുഖത്ത്‌ എത്തി. ടണല്‍ അവസാനിക്കുന്ന മന്നാക്കുടിഭാഗത്ത്‌ 50 അടിതാഴ്‌ചയിലേക്കാണ്‌ വെള്ളം വീഴുന്നത്‌. ഇതിനു തൊട്ടുമുമ്പ്‌ കല്ലില്‍ പിടുത്തം കിട്ടിയതാണ്‌ പുതുജന്മത്തിനു പിടിവള്ളിയായത്‌. ഇവിടെനിന്നു ടണലിന്റെ വശങ്ങളിലൂടെ നടന്ന്‌ കരയ്‌ക്ക്‌ കയറി. അപകടവിവരം അറിഞ്ഞ്‌ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസും അഗ്നിശമനവിഭാഗവും മറകരയിലെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌ ബെന്നി.