ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം കവര്‍ന്നു


ചെങ്ങന്നൂര്‍: വെണ്മണി ഏറം മഹാദേവര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ടുതുറന്ന്‌ അകത്തുകടന്ന മോഷ്ടാവ്‌ പഞ്ചലോഹനിര്‍മിത ശീവേലി വിഗ്രഹം മോഷ്ടിച്ചു. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ്‌ മോഷണം. ഒന്നേകാല്‍ അടി ഉയരമുള്ള വിഗ്രഹത്തിന്‌ മൂന്നുലക്ഷം രൂപയോളം വിലവരും. താഴികക്കുടം കവരാനും ശ്രമം നടന്നു. മേല്‍ശാന്തി കേശവന്‍പോറ്റി നടതുറക്കാന്‍ എത്തിയപ്പോഴാണ്‌ മോഷണ വിവരം അറിയുന്നത്‌. താഴികക്കുടം കവരാന്‍ മേല്‍ക്കൂരയില്‍ പത്തിടത്ത്‌ ഓടിളക്കിയിട്ടുണ്ട്‌. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ കതകു തുറന്ന നിലയിലായിരുന്നു. ഇതിലൂടെയാകാം മോഷ്ടാവ്‌ ഉള്ളില്‍ കടന്നതെന്നു കരുതുന്നു. ആലപ്പുഴയില്‍നിന്നും ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി ഡി.മോഹന്‍, കാടംകുളം ഡിവൈഎസ്‌പി ആര്‍.സുനീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ കേസ്‌ എടുത്തു അന്വേഷണം ആരംഭിച്ചു.