About us | Media Kit | Contact us | Font | Sitemap
 
 
 


ചെക്ക്‌ ബുക്കുകള്‍ ഇനി ചരിത്രത്തിലേയ്‌ക്ക്‌

ലണ്ടന്‍: മുന്നൂറ്റി അന്‍പതു വര്‍ഷത്തെ ചരിത്രം ബാക്കിയാക്കി ചെക്കുകള്‍ ചരിത്രത്തിലേയ്‌ക്ക്‌ മടങ്ങാന്‍ ഒരുങ്ങുന്നു. 2018-ല്‍ യുകെയില്‍ ചെക്കുകള്‍ക്ക്‌ ചരമഗീതം ഒരുക്കാനാണ്‌ ആലോചനകള്‍ നടക്കുന്നത്‌. 1659-ലാണ്‌ ബ്രിട്ടണില്‍ ആദ്യ ചെക്ക്‌ എഴുതിയത്‌. ബിസിനസുകാരും ചെക്കുകള്‍ ഉപയോഗിച്ചു മാത്രം പണം കൈമാറിയിരുന്ന പഴയ തലമുറയും ചെക്ക്‌ പിന്‍വലിക്കുന്നതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും പേയ്‌മെന്റ്‌ കൗണ്‍സിലില്‍ ഇതു സംബന്ധിച്ചു നടന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍ ചെക്കുകള്‍ക്ക്‌ എതിരായിരുന്നു. ബാങ്ക്‌ ട്രാന്‍സ്‌ഫറുകളും ഡയറക്ട്‌ ഡെബിറ്റും ഏറെ പ്രചാരത്തിലാകുന്ന ഇക്കാലത്ത്‌ ചെക്കുകള്‍ സ്വാഭാവികമായി ഇല്ലാതാകുമെന്നാണ്‌ കൗണ്‍സില്‍ കരുതുന്നത്‌. ടെസ്‌കോ, ജോണ്‍ ലൂയി തുടങ്ങിയ സ്‌റ്റോറുകള്‍ നിലവില്‍ ചെക്കുകള്‍ സ്വീകരിക്കുന്നത്‌ നിര്‍ത്തിവച്ചു. ഏറ്റവും സുരക്ഷിതമല്ലാത്ത ഇടപാടാണ്‌ ചെക്കുകള്‍ എന്നാണ്‌ ഇപ്പോള്‍ റീട്ടെയ്‌ല്‍ സ്‌റ്റോറുകള്‍ കരുതുന്നത്‌. ഏറ്റവുമധികം ചെക്കുകള്‍ ഉപയോഗിച്ചത്‌ 1990-ലാണെന്ന്‌ കണക്കുകള്‍ കാണിക്കുന്നു. അന്ന്‌ 11 മില്യന്‍ ചെക്കുകളാണ്‌ കൈമാറപ്പെട്ടത്‌. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ ചെക്കുകളുടെ എണ്ണം നാല്‌ മില്യണിലും താഴെയാണ്‌. 2018 ആകുമ്പോഴേയ്‌ക്ക്‌ പ്രതിദിനം 1.6 മില്യണ്‍ ചെ്‌ക്കുകള്‍ മാത്രമേ ഉണ്ടാകൂ എന്നാണ്‌ കണക്കുകൂട്ടല്‍. ബാങ്കുകള്‍ക്ക്‌ പണം കൈമാറുന്നതിന്‌ ഏറ്റവും ചെലവേറിയ മാര്‍ഗമായി ചെക്ക്‌ മാറിക്കഴിഞ്ഞു. ഓരോ ചെക്കിനും കുറഞ്ഞത്‌ ഒരു പൗണ്ട്‌ എങ്കിലും വേണമെന്നതാണ്‌ സ്ഥിതി. ഇലക്ട്രോണിക്‌ പേയ്‌മെന്റിന്‌ വേണ്ടി വരുന്നതിലും നാലിരട്ടിയാണിത്‌. നിലവില്‍ റവന്യൂ ആന്‍ഡ്‌ കസ്റ്റംസ്‌, വര്‍ക്ക്‌ ആന്‍ഡ്‌ പെന്‍ഷന്‍ ഡിപ്പാര്‍മെന്റുകള്‍ പണമിടപാടുകള്‍ക്ക്‌ ഇപ്പോഴും ചെക്കുകളെയാണ്‌ ആശ്രയിക്കുന്നത്‌.