About us | Media Kit | Contact us | Font | Sitemap
 
 

ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകള്‍ കാലത്തിന്റെ അനിവാര്യതയോ?

എസ്‌.ജെ. ഹാരിസ്‌, ക്രോയ്‌ഡണ്‍ :- ലോകമെമ്പാടുമുള്ള ഭൂരിഭാഗം കേരളീയര്‍ക്കും ഒരു പ്രത്യേക ഗുണമുണ്ട്‌. കേരളത്തില്‍ നടക്കുന്ന സമകാലിക പ്രസക്തിയുള്ള സംഭവങ്ങളുടെ യഥാര്‍ത്ഥ മനശാസ്‌ത്രമളക്കുന്നതില്‍ അവര്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്നതാണ്‌ ആ ഗുണം. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ കേരള രാഷ്‌്‌ട്രീയമായാലും ആരോഗ്യരംഗത്തെ പരിഷ്‌കാരങ്ങളായാലും വ്യവസായവികസനങ്ങളുടെ കാഴ്‌ചപ്പാടാണെങ്കിലും വിദ്യാഭ്യാസരംഗത്തെ പുതിയ മാററങ്ങളായാലും അതിലെ തെറ്റും ശരിയും മനസിലാക്കി അഭിപ്രായങ്ങളെ ക്രോഡീകരിക്കാന്‍ കേരളീയര്‍ക്ക്‌ ഒരു കഴിവ്‌ തന്നെയുണ്ട്‌. സാധാരണ കേരളീയനില്‍ ഉരുത്തിരിയുന്ന ഒരു നയമാണിത്‌. അതാണ്‌ ഏറെക്കുറെ ശരിയും.
മലയാളഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്‌ വേണ്ടിയും കൂടുതല്‍ പേര്‍ നമ്മുടെ ഭാഷ കൈകാര്യം ചെയ്യുന്നതിന്‌ വേണ്ടിയും കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള വിവിധ വകുപ്പുകളുടെ വിശദാംശങ്ങള്‍ മലയാളത്തിലാക്കി മാറ്റാന്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണ്‌. ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റുകളും മലയാളത്തിലാക്കി മാറ്റാനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്‌.
കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ മലയാളം മീഡിയം സ്‌കൂളുകള്‍ക്ക്‌ അത്ര നല്ല കാലമല്ലയെന്നത്‌ ഒരു രഹസ്യമല്ല. വര്‍ഷംതോറും കൂടുതല്‍ കുട്ടികള്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകള്‍ തേടുന്ന കാഴ്‌ചയാണ്‌ ഇന്നുള്ളത്‌. പുതിയ സ്‌കൂളുകളും നിരവധി ഉയര്‍ന്നുവരുന്നുണ്ട്‌.
ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോഴാണ്‌ ഗവണ്‍മെന്റിന്റെ വകുപ്പുകളും മലയാളത്തിലാക്കാനുള്ള നീക്കം ഉദ്ദേശിച്ച ഫലം ചെയ്യുമോയെന്ന ആശങ്കയുളവാക്കുന്നത്‌. ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ പ്രവേശനം തേടുന്നതിനുവേണ്ടിയുള്ള പരക്കം പാച്ചില്‍ നഗരങ്ങളില്‍ മാത്രമല്ല നമ്മുടെ ഗ്രാമങ്ങളിലും കാണാന്‍ കഴിയും. ഇംഗ്ലീഷ്‌ ഭാഷാപഠനം ഏറെ അനിവാര്യമാണെന്നുള്ള തിരിച്ചറിവും സ്വദേശത്തും വിദേശത്തുമുള്ള മികച്ച ജോലിസാധ്യതകളുടെ തിരിച്ചറിയലും കൂടിയാണ്‌ സ്‌കൂള്‍ പഠനം തുടങ്ങുമ്പോഴേ കുട്ടികളെ ഇംഗ്ലീഷ്‌ മീഡിയത്തില്‍ ചേര്‍ക്കുന്ന മാതാപിതാക്കളുടെ മനശാസ്‌ത്രം.
ഇംഗ്ലീഷ്‌ പൊതുഭാഷയായി ഒട്ടുമിക്ക രാഷ്ട്രങ്ങളും അംഗീകരിച്ച സാഹചര്യം ഇവിടെ പ്രസക്തമാണ്‌. ഡൊണേഷനും അല്ലാതെ മാസംതോറും അടയ്‌ക്കേണ്ടിവരുന്ന ഫീസിനും പഠനസംബന്ധിയായ മറ്റ്‌ ചെലവുകളും ഇംഗ്ലീഷ്‌ മീഡിയത്തിലയച്ച്‌ പഠിപ്പിക്കുന്ന സാധാരണക്കാരന്റെ ബജറ്റ്‌ അവതാളത്തിലാക്കുന്നുണ്ട്‌. എങ്കിലും മലയാളം മീഡിയം സ്‌കൂളുകള്‍ക്ക്‌ നേരെ ഉയരുന്ന വെല്ലുവിളികള്‍ ചെറുതല്ല. കുട്ടികളെ കൊണ്ട്‌ പോകുവാനും തിരികെക്കൊണ്ടാക്കാനും സ്‌കൂള്‍ ബസുകള്‍വരെ വാങ്ങേണ്ടിവരുന്നു ഇന്ന്‌ മലയാളം മീഡിയം സ്‌കൂളുകള്‍ക്ക്‌. എന്നിട്ടും കൂടുതല്‍ പേര്‍ ഇംഗ്ലീഷ്‌ മീഡിയത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെടുന്നു. വെറും കുറഞ്ഞ ശമ്പളത്തില്‍ പണിയെടുക്കുന്ന മാതാപിതാക്കള്‍ക്കാണ്‌ കുട്ടികളും ഇംഗ്ലീഷ്‌ മീഡിയം പ്രവേശനം ദുഷ്‌കരമായിത്തീരുന്നത്‌.
വിവിധ രാഷ്ട്രീയനേതാക്കളുടെ മക്കളെയും പേരക്കിടാങ്ങളേയും ഇംഗ്ലീഷ്‌ മീഡിയത്തില്‍ അയച്ചു പഠിപ്പിക്കുന്നുണ്ട്‌. അവരില്‍ ഉന്നതവിദ്യാഭ്യാസം തേടി വിദേശങ്ങളിലേയ്‌ക്ക്‌ എത്തപ്പെട്ടവരും ഉണ്ട്‌. സ്‌കൂളിലും പരിസരത്തും ഇംഗ്ലീഷില്‍തന്നെ സംസാരിക്കണം എന്ന്‌ കേരളത്തിലെ ചില സ്‌കൂളുകളില്‍ നിഷ്‌കര്‍ഷയുണ്ട്‌. മലയാളഭാഷയുടെ ഉപയോഗത്തില്‍ കുറവ്‌ വരുന്നുന്നതുവഴി നമ്മുടെ സംസ്‌കാരത്തെ മൊത്തമായി അറിയുന്നതില്‍ കുട്ടികള്‍ പരാജയപ്പെടുന്നു. രണ്ടുതരം സ്‌കൂളുകളില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ രണ്ടുതരം പൗരന്മാരായി വളരുന്ന രീതിയും ഗവണ്‍മെന്റ്‌ മനസിലാക്കണം.
ഇത്തരം പ്രവണതകളും കണക്കുകള്‍ പറയുന്ന സത്യവും മുഖവിലയ്‌ക്കെടുത്തുകൊണ്ടാകണം വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ക്ക്‌ ഗവണ്‍മെന്റ്‌ മുന്നിട്ടിറങ്ങേണ്ടത്‌. മലയാളം മീഡിയം സ്‌കൂളുകളിലേയ്‌ക്ക്‌ കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനായി ബൃഹത്തായ പദ്ധതികള്‍ ഗവണ്‍മെന്റ്‌ ആവിഷ്‌കരിക്കണം. ഉയര്‍ന്ന രീതിയിലുള്ള അധ്യാപനരീതിയും ചിട്ടയായ നിഷ്‌കര്‍ഷയും ഒക്കെ മലയാളം സ്‌കൂളുകളില്‍ തുടര്‍ച്ചയായ നിലനിര്‍ത്തേണ്ടതുണ്ട്‌. ഇതിന്റെയെല്ലാം മേല്‍നോട്ടം വഹിക്കാന്‍ അനുയോജ്യമായ രാഷ്ടീയ കലര്‍പ്പില്ലാത്ത സമിതികള്‍ കാലത്തിന്റെ അനിവാര്യതയാണ്‌. ഇല്ലെങ്കില്‍ വരുംവര്‍ഷങ്ങളിലും ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലേയ്‌ക്കുള്ള ഒഴുക്കും തുടരും.
വിവിധ വകുപ്പുകളും മലയാളിത്തംകൊണ്ടുമാത്രം ഈ വലിയ പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ഏത്‌ ഗവണ്‍മെന്റ്‌ ശ്രമിച്ചാലും അത്‌ മൊത്തമായി വിജയിപ്പിച്ചെടുക്കാന്‍ പൊതുജനപങ്കാളിത്തം കൂടി വേണമെന്ന തിരിച്ചറിവ്‌ രാഷ്ട്രീയനേതാക്കള്‍ക്ക്‌ ഉണ്ടാവട്ടെ.