|
ജഗതി ശ്രീകുമാറിനും വിദ്യാധരന്‍ മാസ്‌റ്റര്‍ക്കും കാരുണ്യം അവാര്‍ഡ്
 ലണ്ടന്‍: കേരള ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്‌സിന്റെ ആദ്യസംരംഭമായ രാഗത്തിന്റെ രജതജൂബിലിയും കാരുണ്യം സാമൂഹികസുരക്ഷാപദ്ധതിയുടെ അവാര്‍ഡ് വിതരണവും ലണ്ടനിലെ ഇന്ത്യന്‍ വൈഎംസിഎ ഹാളില്‍ ഫെബ്രുവരി 22-ന്. ചലച്ചിത്ര അഭിനയരംഗത്തെ സമഗ്രസംഭാവനയ്‌ക്ക് ജഗതി ശ്രീകുമാറിനും സംഗീതരംഗത്തെ സംഭാവനയ്‌ക്ക് വിദ്യാധരന്‍മാസ്റ്റര്‍ക്കും കാരുണ്യം പുരസ്‌കാരം സമ്മാനിക്കും.
കാരിക്കേച്ചര്‍ രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ജയരാജ് വാര്യരേയും സമഗ്രസംഭാവനാ പുരസ്‌കാരം നേടിയ പത്രപ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രനേയും ചടങ്ങില്‍ ആദരിക്കും. കാരുണ്യം ചെയര്‍മാന്‍ ടി. ഹരിദാസ് പുരസ്‌കാരം വിതരണം ചെയ്യും. ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്‌മി, ആനന്ദ്, ലതകൃഷ്‌ണ എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ലണ്ടനിലെ യുവനര്‍ത്തകീനര്‍ത്തകന്മാരുടെ നൃത്തവും അരങ്ങേറും. എയ്‌ഡ്‌സ്, കാന്‍സര്‍ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കായി ഇന്ത്യയിലും ലണ്ടനിലും വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ള കാരുണ്യം തുടര്‍ച്ചയായി മൂന്നു വര്‍ഷം രോഗബാധിതരായി കുട്ടികള്‍ക്ക് കേരളത്തില്‍ സഹായം നല്‌കിയിരുന്നു.
കേരള ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്‌സ് ചെയര്‍മാനും കാരുണ്യം ചെയര്‍മാനുമായ ടി. ഹരിദാസ്, കാരുണ്യം സെക്രട്ടറി ജനറല്‍ ജി. ശശാങ്കന്‍, ലീഗല്‍ അഡൈ്വസര്‍ സി. ശശിധരന്‍പിള്ള, ലെയ്‌സണ്‍ സെക്രട്ടറി ലാലു ജോസഫ്, ചീഫ് കോര്‍ഡിനേററര്‍ സി. പത്മകുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‌കും.
|