About us | Media Kit | Contact us | Font | Sitemap
 
 

ക്രോയിഡണില്‍ പുതിയ മലയാളി സംഘടന കെസിഡബ്ല്യൂഎ ട്രസ്റ്റില്‍ കെസിഡബ്ല്യൂഎ ഭാരവാഹികളെ പങ്കെടുപ്പിക്കില്ല: വി.ചന്ദ്രബാബു

ക്രോയിഡണ്‍: ആറായിരത്തിയഞ്ഞൂറിലേറെ മലയാളികള്‍ അധിവസിക്കുന്ന ക്രോയിഡണ്‍ ബറോയില്‍ പുതിയൊരു മലയാളി സംഘടനകൂടി നിലവില്‍ വന്നു. 1986-ല്‍ കേരള കള്‍ച്ചറല്‍ ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ (കെസിഡബ്ല്യൂഎ) എന്ന പേരില്‍ രൂപംകൊണ്ട മലയാളി കൂട്ടായ്‌മയുടെ പിളര്‍പ്പിലൂടെയാണ്‌ കെസിഡബ്ല്യൂഎ ട്രസ്‌റ്റ്‌ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചത്‌.
ഇരുപത്തിനാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കെസിഡബ്ലൂഎയ്‌ക്ക്‌ കാര്യമായ പുരോഗതിയൊന്നും നേടാനായില്ലെന്ന ആരോപണമുന്നയിച്ചാണ്‌ പുതിയ സംഘടനയ്‌ക്ക്‌ രൂപം നല്‌കിയത്‌. കെസിഡബ്ല്യുഎയുടെ ഭൂരിപക്ഷം അംഗങ്ങള്‍ ചേര്‍ന്നാണ്‌ പുതിയ ട്രസ്റ്റിന്‌ രൂപം നല്‌കിയതെന്ന്‌ കെസിഡബ്ല്യുഎ ട്രസ്റ്റ്‌ സ്‌പോക്ക്‌സ്‌പേഴ്‌സണ്‍ വി. ചന്ദ്രബാബു അവകാശപ്പെട്ടു. ഫെബ്രുവരി 13ന്‌ പ്രത്യേക യോഗത്തില്‍ കെസിഡബ്ല്യൂഎ ട്രസ്റ്റ്‌ നിലവില്‍ വരും. ഏപ്രില്‍ 12, 2009 ന്‌ കെസിഡബ്ല്യൂഎയുടെ കമ്മിറ്റി അംഗങ്ങളായിരിക്കുന്നവര്‍ക്കോ ഭാരവാഹികള്‍ക്കോ കെസിഡബ്ല്യൂഎ ട്രസ്റ്റ്‌ മീറ്റിംഗുകളില്‍ പ്രവേശനമുണ്ടായിരിക്കില്ലെന്ന്‌ ചന്ദ്രബാബു പറഞ്ഞു. കെസിഡബ്ല്യൂഎ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്യൂണിറ്റി ഹാള്‍ വാങ്ങുന്നത്‌ ഉള്‍പ്പെടെയുള്ള ഭാവിപരിപാടികളാണ്‌ ട്രസ്റ്റ്‌ രൂപം നല്‌കുന്നത്‌.
1975-ല്‍ ക്രോയിഡണ്‍ ബറോയില്‍ താമസിച്ചിരുന്ന നാനൂറോളം വരുന്ന മലയാളി സമൂഹത്തിന്റെ സാംസ്‌കാരികപരിപാടികള്‍ക്കായി ആരംഭിച്ച കേരള യൂത്ത്‌ ക്ലബ്‌ ആണ്‌ പിന്നീട്‌ 1986-ല്‍ കെസിഡബ്ല്യൂഎ ആയി മാറിയത്‌. ആദ്യകാലത്ത്‌ ഓണാഘോഷവും മറ്റുമായിരുന്നു പ്രധാന പരിപാടികള്‍. എഴുപതുകളിലും എണ്‍പതുകളിലും കമ്യൂണിറ്റിക്കായി നടത്തിയ പരിപാടികളില്‍നിന്ന്‌ മുന്നേറാന്‍ കെസിഡബ്ല്യൂഎയ്‌ക്ക്‌ കഴിഞ്ഞില്ലെന്നതായിരുന്നു എതിര്‍പ്പുമായി രംഗത്തു വന്നവരുടെ പ്രധാന ആരോപണം.
ചാരിറ്റി സംഘടനയായി കെസിഡബ്ല്യൂഎ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മെച്ചത്തെക്കുറിച്ച്‌ മനസിലാക്കുന്നതിനും അതുവഴി കമ്യൂണിറ്റി വോളണ്ടറി സംഘങ്ങള്‍ക്കായുള്ള ഗ്രാന്റുകളും മറ്റും നേടിയെടുക്കുന്നതിനും ഇതിന്റെ നേതൃത്വം പരാജയപ്പെട്ടുവെന്ന്‌ കെസിഡബ്ല്യൂഎ ട്രസ്റ്റ്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ദീര്‍ഘകാലം കെസിഡബ്ല്യൂഎയുടെ തലപ്പത്തിരിക്കുന്നവരോട്‌ ഇക്കാര്യങ്ങളില്‍ മാറ്റമുണ്ടാകണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. കെസിഡബ്ല്യൂഎ സെക്രട്ടറിക്ക്‌ ഏപ്രില്‍ 2009-ല്‍ 56 അംഗങ്ങള്‍ ഒപ്പിട്ടു നല്‌കിയി നോട്ടീസില്‍ പ്രത്യേക പൊതുയോഗം വിളിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെക്രട്ടറി ഇക്കാര്യം നിരസിക്കുകയും ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായി സ്‌പെഷല്‍ ജനറല്‍ മീറ്റിംഗ്‌ വിളിക്കാതിരിക്കുകയും ചെയ്‌തു. ഇക്കാര്യങ്ങളാണ്‌ പിന്നീട്ട്‌ കെസിഡബ്ല്യൂഎ ട്രസ്റ്റ്‌ രൂപീകരിക്കുന്നതിലേയ്‌ക്ക്‌ എത്തിച്ചതെന്ന്‌ പത്രക്കുറിപ്പില്‍ പറയുന്നു.
ജനുവരി 24-ന്‌ സെന്റ്‌ സേവ്യേഴ്‌സ്‌ ചര്‍ച്ച്‌ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ്‌ പുതിയ ഭരണഘടന സ്വീകരിച്ച്‌ 20 എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിതസ്‌തികകളിലേയ്‌ക്ക്‌ തെരഞ്ഞെടുപ്പു നടത്തി. കൂടാതെ വോ്‌ട്ടവകാശമില്ലാത്ത പത്ത്‌ കമ്മിറ്റി അംഗങ്ങളെ കോ-ഓപ്‌ട്‌ ചെയ്‌തു. ജനുവരി 31-ന്‌ ചേര്‍ന്ന കെസിഡബ്ല്യൂഎ ട്രസ്റ്റിന്റെ ആദ്യ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മീറ്റിംഗില്‍ ഗോപാലന്‍ പ്രേമവ്രതനെ ചെയര്‍ പേഴ്‌സണായും സാജു ശശികുമാറിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ബിജു പ്രേംനാഥ്‌ - വൈസ്‌ ചെയര്‍ (ടിബിസി), ഷാന്‍ രാഘവന്‍ - അസിസ്റ്റന്റ്‌ സെക്രട്ടറി, ചിപ്പി സോമന്‍ ട്രഷറര്‍, ജൂഡിത്ത്‌ റോബര്‍ട്ട്‌സ്‌ - അസിസ്‌റ്റന്റ്‌ ട്രഷറര്‍ എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.
പഴയകാര്യങ്ങളില്‍നിന്ന്‌ പഠിക്കുന്നതിനും ഭാവിയില്‍ മലയാളി സമൂഹത്തിനായി കൂടുതല്‍ മികച്ചരീതിയില്‍ യുവതലമുറയെക്കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതിനുമാണ്‌ ട്രസ്റ്റിന്റെ ശ്രമമെന്ന്‌ ചന്ദ്രബാബു പറഞ്ഞു.