About us | Media Kit | Contact us | Font | Sitemap
 
 

സ്റ്റുഡന്റ്‌ വിസ: ബാങ്ക്‌ ബാലന്‍സ്‌ കുറഞ്ഞാല്‍ പ്രവേശനം നിഷേധിക്കും

ലണ്ടന്‍: സ്‌റ്റുഡന്റ്‌ വിസയിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത്‌ നിയന്ത്രിക്കുന്നതിനും മതിയായ രേഖകളും മറ്റുമില്ലാതെ ബ്രിട്ടണിലേയ്‌ക്ക്‌ കടക്കുന്നതു നിയന്ത്രിക്കുന്നതിനും പുതിയ നടപടികള്‍ ആരംഭിക്കുന്നു. മതിയായ രേഖകളില്ലെങ്കില്‍ ബ്രിട്ടണിലേയ്‌ക്ക്‌ കടക്കുന്നത്‌ തടയുന്നതിനായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കൂടുതല്‍ അധികാരങ്ങള്‍ നല്‌കും.
സ്‌റ്റുഡന്റ്‌ വിസയില്‍ എത്തുന്നവരുടെ ബാങ്ക്‌ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ഉടനടി പരിശോധിക്കാന്‍ എല്ലാ യുകെ എയര്‍പോര്‍ട്ടിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ കഴിയുമെന്നതാണ്‌ പുതിയ മാറ്റങ്ങളില്‍ പ്രധാനം. ബാങ്കില്‍ ആവശ്യത്തിനുള്ള പണമില്ലെന്നു കണ്ടാലുടന്‍ പ്രവേശനം നിരസിക്കും. നിരവധിപേര്‍ മതിയായ രേഖകളില്ലാതെയും തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലും യുകെയിലേയ്‌ക്കു കടക്കുന്നതു കര്‍ശനമായി നിയന്ത്രിക്കുന്നതിനാണ്‌ ഈ നീക്കം.
പോയിന്റ്‌ അടിസ്ഥാനത്തിലുള്ള പുതിയ ഇമിഗ്രേഷന്‍ സമ്പ്രദായത്തില്‍ പഠനത്തിനും ജീവിതച്ചെലവിനുമുള്ള പണം ബാങ്കില്‍ ഉണ്ടെങ്കില്‍ മാത്രമേ വിസ അനുവദിക്കൂ. എന്നാല്‍ ചില കുറുക്കുവഴികളിലൂടെ വായ്‌പയായി പണം സംഘടിപ്പിച്ച്‌ വിസ ലഭ്യമായാലുടന്‍ പിന്‍വലിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇതു തടയാനാണ്‌ യുകെയിലെത്തുമ്പോള്‍ പണം ബാങ്കിലുണ്ടോയെന്ന്‌ പരിശോധിക്കുന്നത്‌. ഏതെങ്കിലും സര്‍വകലാശാലയില്‍ അഡ്‌മിഷന്‍ കിട്ടുന്നതോടെ സ്‌റ്റുഡന്റ്‌ വിസയിലെത്തുന്നവര്‍ക്ക്‌ 30 പോയിന്റ്‌ സ്വന്തമാകും. കോഴ്‌സ്‌ ഫീയും ജീവിതച്ചെലവിനുമുളള പണമുണ്ടെന്നു രേഖ സംഘടിപ്പിക്കുന്നതോടെ പത്ത്‌ പോയിന്റ്‌ ലഭിക്കും.സ്റ്റുഡന്റ്‌ വിസയിലെത്തുമ്പോള്‍ നാല്‍പ്പതു പോയിന്റ്‌ നേടിയിട്ടുണ്ടെങ്കില്‍ എയര്‍പോര്‍ട്ടുകളില്‍ കടത്തിവിടാമെന്നായിരുന്നു ഇതുവരെയുള്ള നിയമം.