About us | Media Kit | Contact us | Font | Sitemap
 
 
 


വിസയ്‌ക്ക്‌ അപേക്ഷിക്കുമ്പോള്‍തന്നെ ഇംഗ്ലീഷ്‌ ടെസ്‌റ്റ്‌ വേണം: എംപിമാര്‍

ലണ്ടന്‍: കുടിയേറ്റത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ വര്‍ണവിവേചനമല്ലെന്ന്‌ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നും രണ്ട്‌ പ്രമുഖ എംപിമാര്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു. മുന്‍ ലേബര്‍ സോഷ്യല്‍ സെക്യൂരിറ്റി മിനിസ്‌റ്റര്‍ ഫ്രാങ്ക്‌ ഫീല്‍ഡ്‌, മുന്‍ ടോറി ഡിഫന്‍സ്‌ മിനിസ്റ്റര്‍ നിക്കോളാസ്‌ സോംസ്‌ എന്നിവരാണ്‌ കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ശബ്ദമുയര്‍ത്തിയത്‌. പാര്‍ലമെന്റിലെ ക്രോസ്‌ പാര്‍ട്ടി ഗ്രൂപ്പ്‌ ഫോര്‍ ബാലന്‍സ്‌ഡ്‌ ഇമിഗ്രേഷന്‍ ചെയര്‍മാന്‍മാരാണ്‌ ഇരുവരും. ഹോം സെക്രട്ടറി അലന്‍ ജോണ്‍സണ്‍, ഷാഡോ ഹോം സെക്രട്ടറി ക്രിസ്‌ ഗ്രേയ്‌ലിംഗ്‌, ലിബറല്‍ ഡമോക്രാറ്റ്‌ ഹോം അഫയേഴ്‌സ്‌ സ്‌പോക്ക്‌സ്‌മാന്‍ ക്രിസ്‌ ഹ്യൂണ്‍ എന്നിവര്‍ക്ക്‌ അയച്ച കത്തില്‍ കുടിയേറ്റക്കാര്യത്തില്‍ പൊതുസമീപനം വേണമെന്ന്‌ എംപിമാര്‍ ആവശ്യപ്പെട്ടു. യു.കെ വിസയ്‌ക്കായി അപേക്ഷിക്കുന്നവര്‍ക്ക്‌ ഇംഗ്ലീഷ്‌ ടെസ്റ്റിന്‌ വിധേയരാകണമെന്നതാണ്‌ പ്രധാനപ്പെട്ട ആവശ്യം. സമൂഹവുമായി ഇടപഴകുന്നതിനും ജോലി കണ്ടെത്തുന്നതിനും അവരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയുന്നതിനും ഇംഗ്ലീഷ്‌ സംസാരിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ബ്രിട്ടീഷ്‌ സിറ്റിസണ്‍ഷിപ്പ്‌ ലഭിക്കുന്നതിനുമുമ്പായി ഇംഗ്ലീഷ്‌ ടെസ്റ്റ്‌ പൂര്‍ത്തിയായിരിക്കണം. എന്നാല്‍ വിസയ്‌ക്ക്‌ അപേക്ഷിക്കുമ്പോള്‍തന്നെ ഇംഗ്ലീഷ്‌ ടെസ്‌റ്റ്‌ നടത്തണമെന്നാണ്‌ എംപിമാരുടെ ആവശ്യം. വിവാഹമോചനം നേടിയ കുടിയേറ്റക്കാര്‍ക്ക്‌ അടുത്ത അഞ്ചു വര്‍ഷത്തേയ്‌ക്ക്‌ സ്‌പൗസിനെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്‌ നിരോധനം വേണമെന്നതാണ്‌ മറ്റൊരു ആവശ്യം. സ്വന്തം രാജ്യത്ത്‌ ഒന്നിലധികം ഭാര്യമാരുള്ളവര്‍ക്ക്‌ എല്ലാവരെയും സ്‌പോണ്‍സര്‍ ചെയ്‌ത്‌ യുകെയിലേയ്‌ക്ക്‌ കൊണ്ടുവരുന്നതിന്‌ അനുമതി നല്‌കരുതെന്നും എംപിമാര്‍ പറഞ്ഞു. നിലവിലുള്ള സംവിധാനം പലവിധത്തില്‍ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന്‌ കത്തില്‍ പറയുന്നു. കര്‍ശനമായും എന്നാല്‍ നീതിയുക്തമായും വേണം ഇമിഗ്രേഷനെന്ന്‌ എംപിമാര്‍ ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാര്‍ കുറഞ്ഞ ശമ്പളമുള്ള ജോലികള്‍ ചെയ്യാന്‍ തയാറാകുന്നതിനാല്‍ ഇടത്തരക്കാരായവര്‍ക്ക്‌ ഗുണമുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക്‌ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതായാണ്‌ തോന്നുന്നതെന്ന്‌ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുറോപ്പിനു പുറത്തുനിന്നുള്ള ഡോക്ടര്‍മാര്‍ക്കും മറ്റും പ്രഫഷണലുകള്‍ക്കും യുകെയില്‍ ജോലി ചെയ്യുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്‌ ബ്രൗണ്‍ പറഞ്ഞു. പോയിന്റ്‌ അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷന്‌ നിയന്ത്രണങ്ങള്‍ വരുത്തുന്നതോടെ കുടിയേറ്റം കുറയുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ വര്‍ഷങ്ങളില്‍ ബ്രിട്ടന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരികശക്തിയായിരുന്നു കുടിയേറ്റമെന്ന്‌ ബ്രൗണ്‍ സമ്മതിച്ചു. എന്നാല്‍ ജനസംഖ്യ കൂടുന്നതോടെ തൊഴിലില്ലായ്‌മയും മത്സരവും കുറഞ്ഞ കൂലിയും വീടുകള്‍ക്കായുള്ള അധികചെലവുമുണ്ടാകുന്നുവെന്നത്‌ കാണാതിരിക്കാനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.